കഥപറയാനുള്ള ഇരുപത്തിരണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ

Malayalam
Storytelling
Author

കാർത്തിക് റോയി

Published

2024, മേയ് 2

വർഷങ്ങൾക്ക് മുമ്പ് മുൻ പിക്സാർ ജീവനക്കാരിയായ എമ്മ കോട്ട്സ്, തന്റെ അനുഭവങ്ങളിൽ നിന്ന് ശേഖരിച്ച കഥപറയാനുള്ള ഇരുപത്തിരണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ പങ്കിടുകയുണ്ടായി. യഥാർത്ഥത്തിൽ ട്വീറ്റ് ചെയ്ത ഇവ ആനിമേഷൻ മേഖലയ്ക്ക് അപ്പുറത്ത് ജനപ്രീതി നേടിയിട്ടുണ്ട്.

‘നിയമങ്ങൾ’ എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും, കോട്ട്സ് അവയെ ‘മാർഗ്ഗനിർദ്ദേശങ്ങൾ’ എന്നുവിളിക്കാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നതെന്ന് അവരുടെ 𝕏 അക്കൗണ്ടിൽ നിന്നും നമുക്ക് കാണാം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുമ്പോൾ, അവ കർശനമായ കൽപ്പനകളെക്കാൾ സൗഹൃദപരമായ സൂചനകൾ പോലെയാണെന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.

കോട്ട്സ് പങ്കുവെച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇംഗ്ലീഷിലായതിനാൽ അതിന്റെ മലയാള പരിഭാഷ ഞാൻ താഴെ കൊടുക്കുന്നു. എന്തെങ്കിലും അഭിപ്രായമോ തിരുത്തലുകളോ ഉണ്ടെങ്കിൽ എന്നെ ലിങ്ക്ഡ്ഇൻ അല്ലെങ്കിൽ മാസ്റ്റഡോൺ ഉപയോഗിച്ച് അറിയിക്കാവുന്നതാണ്.

  1. കഥാപാത്രങ്ങളുടെ വിജയങ്ങളേക്കാൾ അവരുടെ പരിശ്രമങ്ങളെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്.

  2. ഒരു എഴുത്തുകാരനെന്ന നിലയിൽ നിങ്ങൾക്ക് എഴുതാൻ എന്താണ് രസകരമെന്നല്ല, മറിച്ച് ഒരു പ്രേക്ഷകനെന്ന നിലയിൽ നിങ്ങൾക്ക് എന്താണ് താൽപ്പര്യമെന്നതിനാണ് പ്രാധാന്യം. അവ രണ്ടും വളരെ വ്യത്യസ്തമായിരിക്കാം.

  3. കഥയുടെ പ്രമേയത്തിനായി ശ്രമിക്കുന്നത് മുഖ്യമാണ്, പക്ഷേ കഥയുടെ അവസാനം വരെ കഥ യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചാണെന്ന് നിങ്ങൾക്കുതന്നെ മനസ്സിലാകില്ല. പൂർത്തിയാക്കിയ ശേഷം വീണ്ടും എഴുതുക.

  4. കഥയുടെ ഘടന ഇങ്ങനെ ആവാം - ഒരിക്കൽ _____ ഉണ്ടായിരുന്നു. എന്നും, _____. ഒരു ദിവസം _____. അത് കാരണം, _____. അത് കാരണം, _____. ഒടുവിൽ അവസാനം ______.

  5. ലളിതമാക്കുക. ശ്രദ്ധ കേന്ദ്രീകരിക്കുക. കഥാപാത്രങ്ങളെ സംയോജിപ്പിക്കുക. അനാവശ്യ ദിശകളിലേക്ക് കഥയെ സഞ്ചരിപ്പിക്കാതിരിക്കുക. നിങ്ങൾക്ക് വിലയേറിയ കാര്യങ്ങൾ നഷ്ടപ്പെടുന്നുവെന്ന് തോന്നും, പക്ഷേ അത് നിങ്ങളെ സ്വതന്ത്രരാക്കും.

  6. നിങ്ങളുടെ കഥാപാത്രം എവിടെയാണ് മികച്ചുനിൽക്കുന്നത്? എപ്പോഴാണ് അവർ ഏറ്റവും സന്തുഷ്ടരായി ഇരിക്കുന്നത്? അതിന്റെ തികച്ചും വിപരീത സാഹചര്യത്തിൽ അവരെ കൊണ്ടെത്തിക്കുക. അവരെ വെല്ലുവിളിക്കുക. അവർ അതിനോട് പ്രതികരിക്കട്ടെ.

  7. കഥയുടെ മധ്യഭാഗം എഴുതുന്നതിനു മുൻപേ അതിന്റെ അവസാനം തീർച്ചപ്പെടുത്തുക. അവസാനങ്ങൾ കണ്ടെത്തുക കഠിനമാണ്, നിങ്ങളുടെ കഥയുടേത് മുൻകൂട്ടി കണ്ടെത്തുക.

  8. നിങ്ങളുടെ കഥ പൂർത്തിയാക്കുന്നതാണ് പ്രധാനം, അത് കുറ്റമറ്റതാക്കുന്നതല്ല. ഒരു ഉത്തമലോകത്ത് നിങ്ങൾക്ക് രണ്ടും ഒരുപോലെ സാധിക്കും, പക്ഷേ ഇവിടെ പൂർത്തിയാക്കി മുന്നോട്ട് പോകുക. അടുത്ത തവണ കൂടുതൽ നന്നായി ചെയ്യാം.

  9. നിങ്ങൾ കഥ മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുമ്പോൾ, അടുത്തതായി സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. മിക്കവാറും നിങ്ങളുടെ കഥ മുന്നോട്ടു കൊണ്ടുപോകാനുള്ള വഴി തെളിഞ്ഞുവരും.

  10. നിങ്ങൾക്ക് ഇഷ്ടമുള്ള കഥകൾ വിശകലനം ചെയ്യുക. അവയിൽ നിങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങളുടെതന്നെ ഒരു അംശമാണ്; അത് ഉപയോഗിക്കാൻ സാധിക്കണമെങ്കിൽ ആദ്യം നിങ്ങൾ അത് തിരിച്ചറിയണം.

  11. കഥ എഴുതുന്നത് ആ കഥ മെച്ചപ്പെടുത്താനുള്ള ഒരു സാഹചര്യം കൂടി സൃഷ്ടിക്കും. മറിച്ച് അത് മനസ്സിൽമാത്രം കരുതിവച്ചിരുന്നാൽ, ഒരു കുറ്റമറ്റ ആശയമായാൽപോലും, നിങ്ങൾ അത് ആരുമായും പങ്കിടില്ല.

  12. മനസ്സിൽ വരുന്ന ആദ്യ കാര്യം ഒഴിവാക്കുക. രണ്ടാമതും, മൂന്നാമതും, നാലാമതും, അഞ്ചാമതും വരുന്നതും ഒഴിവാക്കുക. പ്രത്യക്ഷമായവ അകറ്റി നിർത്തുക. നിങ്ങൾ സ്വയം അത്ഭുതപ്പെടുത്തുക.

  13. നിങ്ങളുടെ കഥാപാത്രങ്ങൾക്ക് അഭിപ്രായങ്ങൾ നൽകുക. എഴുതുമ്പോൾ നിഷ്ക്രിയവും ദുർബലവുമായ കഥാപാത്രങ്ങൾ പ്രിയങ്കരമായി തോന്നിയേക്കാം, പക്ഷേ അത് പ്രേക്ഷകരെ ദുഷിപ്പിക്കും.

  14. എന്തുകൊണ്ടാണ് നിങ്ങൾ ഈ കഥ പറയാൻ ആഗ്രഹിക്കുന്നത്? നിങ്ങളുടെ കഥയ്ക്ക് ഊർജം നൽകുന്ന എന്താണ് നിങ്ങളുടെ ഉള്ളിൽ ഉള്ളത്? അതാണ് കാതൽ.

  15. നിങ്ങൾ നിങ്ങളുടെ കഥാപാത്രമായിരുന്നെങ്കിൽ, ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് എന്തു തോന്നും? സത്യസന്ധത അവിശ്വസനീയമായ സാഹചര്യങ്ങൾക്ക് വിശ്വാസ്യത നൽകും.

  16. എന്താണ് അപകടത്തിലുള്ളത്? കഥാപാത്രത്തിന് വേണ്ടി വാദിക്കാൻ പ്രേക്ഷകർക്ക് കാരണം നൽകുക. കഥാപാത്രങ്ങൾ വിജയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ഈ സാധ്യതകൾ കാണിച്ചുകൊടുക്കുക.

  17. ഒരു എഴുത്തും പാഴായിപ്പോകില്ല. ഒന്ന് ശരിയാവുന്നില്ലെങ്കിൽ മറ്റൊന്നിലേക്ക് പോവുക, ശരിയാവാത്തത് പിന്നീട് ഉപയോഗപ്രദമാകും.

  18. നിങ്ങൾ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നതും, ചെറിയ കാര്യങ്ങൾക്ക് കടുംപിടുത്തം പിടിക്കുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ തിരിച്ചറിയണം - കഥ പരീക്ഷണമാണ്, പരിഷ്ക്കരണമല്ല.

  19. കഥാപാത്രങ്ങളെ കുഴപ്പങ്ങളിലാക്കുന്ന യാദൃശ്ചികതകൾ മികച്ചുനിൽക്കും; പക്ഷേ കുഴപ്പങ്ങളിൽനിന്ന് അവരെ കരകയറ്റുന്ന യാദൃശ്ചികതകൾ വഞ്ചിക്കലാണ്.

  20. എഴുത്ത് അഭ്യസിക്കുക - നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു സിനിമ എടുക്കുക. നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ അതിന്റെ ഘടനയെ മാറ്റി എഴുതുക.

  21. നിങ്ങളുടെ സാഹചര്യങ്ങളും കഥാപാത്രങ്ങളുമായി നിങ്ങൾ ഒന്നായിത്തീരുക. ഏത് സാഹചര്യങ്ങളിലാണ് നിങ്ങൾ നിങ്ങളുടെ കഥാപാത്രങ്ങൾ പെരുമാറുന്നത് പോലെ പെരുമാറുന്നത് എന്ന് തിരിച്ചറിയുക.

  22. നിങ്ങളുടെ കഥയുടെ സാരാംശം എന്താണ്? അതിനെക്കുറിച്ച് ഏറ്റവും ചുരുക്കത്തിൽ പറയാൻ സാധിക്കുമോ? നിങ്ങൾക്ക് ഇത് സാധിക്കുമെങ്കിൽ, നിങ്ങൾക്ക് അവിടെ നിന്ന് എല്ലാം കെട്ടിപ്പടുക്കാൻ കഴിയും.